Thursday, June 6, 2013


ഒരു നവമ്പറിൻറെ ഓർമ്മയ്ക്ക് 




കാലക്കനിവിൻ വിരുന്നണഞ്ഞീടാം 
ദൂതനില്ലാതെ,
വിലങ്ങിട്ട ശാപങ്ങളുടഞ്ഞ്
തീപ്പെട്ടകന്നിടാം 
ഒരു മാരിയാർത്തിരമ്പുന്നു 
ഇടിനാദമില്ലാതെ 
ഒരുമിന്നലെറിയാതെ 
ഒരു ശാന്ത ഗഗനം 
അതിൽ നീലിമ....

നെറുകിൽ പതിഞ്ഞു ചിതറും തുള്ളി
 ജലമല്ല!മധുരിയ്ക്കുമേറെയവ 
പാൽക്കുടങ്ങൾ 
ഇവിടെയീ ശാന്തിയിലമർന്നോട്ടെ ഞാൻ 
ഇനിയുമുണരാൻ 
ഈ നവമ്പർപുലരിയിൽ....
ഇവിടെയീ ശാന്തിയിലലിഞ്ഞോട്ടെ ഞാൻ 
തമ്മിലണയാൻ 
ഒരു നവമ്പർപുലരിയിൽ ....

ഒരുമയക്കം..തിങ്കളെത്തിപ്പിടിച്ചു ഞാൻ, 
വാനിലെ പറവകളിലൊന്നായി ഞാൻ, 
സ്വർണ്ണമീനായഗാധതയിലൂളിയിട്ടൂ,
സ്വപ്നലോകംതുറന്നവിടമെന്തുവശ്യം!
കാനനംസുന്ദരം, കാട്ടരുവി 
കിളികൂജനം, താരകപ്പൊലിമയും 
മണ്‍കുടിലുകൾ, ധ്യാനമണ്ഡപങ്ങൾ 
മന്ദമൊഴുകുംസമീരനിൽ 
ശാന്തിമന്ത്രം...

കുയിലൊത്തുപാടുന്ന കുഞ്ഞുങ്ങൾ 
അവിടില്ല ഭാഷാന്തരങ്ങൾ 
അവിടില്ല ജാതി,വർണ്ണങ്ങൾ ..

ഇവിടെയീ ശോഭയിലടർന്നോട്ടെ ഞാൻ 
ഇനിയുമുണരാൻ 
ഒരു നവമ്പർപുലരിയിൽ...




1 comment:

  1. കുയിലൊത്തുപാടുന്ന കുഞ്ഞുങ്ങൾ അവിടില്ല ഭാഷാന്തരങ്ങൾ
    അവിടില്ല ജാതി,വർണ്ണങ്ങൾ .അവരെങ്ങിലും സന്തോഷമായി അവരുടെതായ ലോകത്ത് കഴിഞ്ഞോട്ടെ...:)

    ReplyDelete