Friday, June 21, 2013

UNCERTAINTY!
                                                                                 (ഫോട്ടോ: ഗൂഗിൾ)

ഇരമ്പിയലറുന്ന 
കാലക്കടലിലേയ്ക്കു നോക്കി 
സ്വയം മരവിച്ചിരുന്നു 
നീ നിന്നെയറിയാതെ 
നിന്നിലെ നിലച്ചൊരാ 
മന്ത്രമറിയാതെ ,

ഉടഞ്ഞവാക്കുകളുടെ 
അസ്ഥിപഞ്ജരങ്ങളിൽ 
വർണ്ണമറ്റ് വിളറിയ 
ശിഥിലമോഹകുടീരത്തിൻ 
തിരുശേഷിപ്പുകൾക്കുമേൽ 
സ്വയം നശിച്ചിരിപ്പിതോ!

പ്രതികാരത്തിൻഫണംപോൽ 
വാനംമുട്ടിയ തിരമാല 
നിന്നിലേയ്ക്ക് - കരയിലേയ്ക്ക് 
ആഞ്ഞുകൊത്തുന്നു 
നുരചീറ്റിയൊതുക്കുന്നൂ 
ഉള്ളിലെയാക്രോശങ്ങൾ 

ആഴങ്ങളിൽ 
തപംനെയ്തിരുന്നകക്കകൾ 
തീരമണഞ്ഞു 
ഉള്ളിൽതുടിയ്ക്കുന്ന ദുഃഖവുമായ് 

ഉരുകുന്ന ഹൃദയനൊമ്പരങ്ങളെയൊതുക്കി 
നിന്നെനോക്കി വികൃതമായ്ചിരിച്ചു 
തിരകൾക്കുമേലെകാലപ്പറവകൾ 
കളിയാക്കിപ്പറക്കുന്നു 
ചിതറിക്കിടന്ന കറുത്തമേഘക്കീറുകളെ 
ഭ്രാന്തൻകാറ്റ് 
ചക്രവാളത്തിൽചെർത്തുവച്ചു 

സായംസൂര്യൻറെ 
ചുവപ്പാടകൾക്ക് മുന്നിൽ 
കൂരിരുൾവിതറിയ കരിമേഘങ്ങൾ 
ഭൂമിയെദുഃഖമറിയിച്ചു 

മേഘം നിൻറെയുള്ളറിഞ്ഞതാം 

താരകപ്പൂക്കൾമെല്ലെയിറങ്ങി
ആത്മവിലാപം മിന്നിയോതി 
വിങ്ങുംമനസ്സുമായ് 
മിന്നുവാനാവാതെ താരകം 
ആത്മാഹുതിചെയ്തുൽക്കയായ് 
ചാമ്പലായൊടുങ്ങുന്നു 

ദൂരെ പുകയുയരുന്ന വലിയകൂന 
എത്ര സ്വപ്നങ്ങളുടേതാവാം!

ഏതോ വിറയ്ക്കുന്നകരങ്ങൾ 
അതിൽ പാടുപെട്ടുചികഞ്ഞ് 
ഒരഗ്നിപുഷ്പമെടുത്തൂതിയെരിച്ച് 
അന്ധകാരമകറ്റാൻ 
വൃഥാപെടുന്നു!

ഹേ! നിർത്തുകീ താണ്ഡവം 

നിർമ്മലമായൊരു പൂർണ്ണതയ്ക്ക്‌ 
ഒരുതിരി അതിൽനിന്നേ കൊളുത്തുക 

(മോഹൻ)

No comments:

Post a Comment