കിനാവിൻ കല്ലറ
രാവ് പകുത്തെടുക്കുന്നൂ
കിനാവും നൊമ്പരങ്ങളും
നിനവ് നെയ്യൊരുക്കുന്നെൻ
കരൾകടഞ്ഞോരു സത്തയാൽ!
നിമിഷമറ്റുവീഴുന്നൂ
നിമിത്തങ്ങളൊരുക്കുവാൻ
തിളച്ച മൂർദ്ധാവിലൂറുന്നൂ
തപിച്ച ബാഷ്പ പാളികൾ
ഉടൽപകുത്തീടുവാനുണ്ട്
ഉയർന്നേതു വാളൊന്നതിൻ
പിടിത്തുമ്പിലമർന്ന മുഷ്ടിയിൽ
പച്ചകുത്തിയ പരിചിതമാം പേർ
എൻനേർക്ക് കണ്ണുചിമ്മുന്നു
വാൾമുനത്തുമ്പിൽ തകർന്നു
ഉരുകുന്നകണ്ണുനീർത്തുള്ളി
പകുത്തീടുക
ഈ ഉമിത്തീയെരിപ്പോടിനെ
ഉള്ളിൽ തുടിപ്പോടിരിപ്പുണ്ട്
രക്തവർണ്ണത്തിൽ 'വെളുത്ത' ഹൃത്തം
അത് തൊടാതെ!
ഇനിയതു പിളർന്നാൽ, ഓർക്കുക
ജന്മാന്തരങ്ങളുടെ
വർണ്ണങ്ങളുണ്ടതിൽ
കാണാതെപോയൊരെൻ
സ്വപ്നങ്ങളുണ്ടതിൽ
മായാതെ സൂക്ഷിച്ച
നാമവുമുണ്ടതിൽ
നേരിൻറെ നാരിഴചേർത്തുഞാ
നന്നേയൊരുക്കിയ കൂടുണ്ട്
ഇളംമഞ്ഞനൂലിൽ
ഒരാലിലയുണ്ടതിൽ
കോണിലായ് കുങ്കുമച്ചെപ്പുമുണ്ട്
അതിലൊരു നീരാവി ഉയിർകൊണ്ട്
മേഘമായ്, മഴയായ്
എതോരാരണ്യകം തന്നിലെൻ
സ്വപ്നം പൊഴിഞ്ഞിടം
താനേ പതിച്ചിടാം
അവിടെയൊരു നേരിലച്ചാർത്തിൽ
മുളയായ്, തളിരായ്
അരികത്തുണർന്നിടാം

No comments:
Post a Comment