ശിഷ്ടം
ആഴി അലയാഴി
ആശപോൽ അനന്തമായ്
ആത്മാവിന്നനന്ത്യമായ്
ആദിത്യപ്പിറവിയും
ആദിത്യ ശയനവും
ആമടിത്തട്ടിൽ നൽകി
ആറാടിയാനന്തിപ്പൂ
ആ പയോ സമുച്ഛയം.
തിരകൾ തിമിർത്തെത്തി
ഓരത്തിലർപ്പിച്ചൊരാ
കാലമാം ശിശുവിൻ കാൽ-
-പ്പാദമുദ്രകൾ മായ്ച്ചു.
ഇന്നലെ' മറഞ്ഞുപോയ്
ഈ മണലോരങ്ങളിൽ
'ഇന്നി'തോ അവ്യക്തമായ്
ഈകടലോളങ്ങളിൽ
'നാളെ'യെക്കാണാൻ നഗ്ന-
-നേത്രങ്ങളശക്തങ്ങൾ
നരജന്മങ്ങൾ ഹാ! കഷ്ടം
നുരയായ് തീരങ്ങളിൽ
ആഴിയും കടന്നെത്തിയാശതൻ പിന്നാലെയീ
മാനുഷൻ കരം നീട്ടിയെടുപ്പൂ വിധിച്ചോറ്
ഉറ്റവർ പിരിഞ്ഞാലും കുതിച്ചാലെത്താനാവാ-
-തുഴറിത്തനിച്ചിങ്ങു വാരുന്നു ബലിച്ചോറ്
കാലത്തിൻ കളിത്തട്ടിൽ ഓരോരോ ചായം തേച്ച്
മാറുന്ന രംഗങ്ങളിൽ ആടുന്നു പാവക്കളി

ഇന്നലെ മറഞ്ഞുപോയ് ഈ മണലോരങ്ങളിൽ ഇന്നിതോ അവ്യക്തമായ് ഈ കടലോളങ്ങളിൽ 'നാളെ'യെക്കാണാൻ നഗ്നനേത്രങ്ങള്‍ അശക്തങ്ങൾ നരജന്മങ്ങൾ ഹാ!കഷ്ടം നുരയായ് തീരങ്ങളിൽ ....മനോഹരമായ വരികള്‍ ....
ReplyDelete