Thursday, May 23, 2013


അകമലര്‍ 





ഏഴുതിരിനെയ്‌വിളക്കരികിലൊരു നിറദീപ്തി 
ചൊരിയുമൊരു ശാന്തമീ സന്ധ്യ!
മാറിലിരുകരമമർത്തിത്തൊഴുതുമിമപൂട്ടി 
ധ്വനിയിളകി രാമനാമത്താൽ....

അകതളിരിലൊരുശിലാശിൽപവുംശ്രീകോവി-
-ലിവയേവമാരിലുംതെളിയേ,
ഇരുളകലുവതുമകക്കണ്ണിലൊരുശ്രീദേവി 
ചിരിയുതിരുവതു കണ്ടു ഞാനും!

ഇമതുറന്നകമലരു വിടരുമൊരു സായൂജ്യ-
-മറിയുന്നിതാ പ്രേമ ഭക്തൻ!
ഝടുതിയൊരു കുളിരുന്ന സ്നേഹം പൊഴിക്കയാ-
-യതുമന്ദഹാസത്തിനാലേ,
കദനമൊരുനെടുനീളകാലമതടക്കിയെൻ 
ജരവീണ ജീർണ്ണമീ ചിത്തം,
നിറയുന്നു മലരാമ്പലാലിന്നു ശാന്തമൊരു 
പൊയ്കയാ,ണറിയുന്നു ഞാനും.

ഒരുമൊഴിയിലമൃതുപൊഴിയുംനിൻറെ കളമൊഴിയി-
-ലരുവിയല നാണിച്ചുനിൽക്കേ
ചെറുചിരിയിലൊരുനൂറു വെണ്ണിലാപ്പാൽക്കിണ്ണ-
-മിളകിയൊളിവിതറി വിലസുന്നൂ,
സ്വരമധുര പവിഴമണി മുത്തുകളുതിർന്നാരി-
-ലേകില്ല! കർണ്ണാമൃതം ഹാ!
നിനവിലൊരു സാമീപ്യവും, കനവിലൊരുമാത്ര 
ദർശനവുമാജന്മ പുണ്യം!

എങ്കിലുംവാസന്ത സൗവർണ്ണവേളയ-
-തെന്നിലിന്നല്ല,നീകണ്ടുവന്നും,
അന്നുംമനസ്സിൽകൊതിച്ചുനീയെൻ ശുഷ്ക-
-വാടിയിൽപൂക്കുവാ,നെന്നുസത്യം!

തെല്ലും പുറത്തുകാട്ടാതെയീ സുന്ദര 
ചേതോ വികാരമെന്തേയൊതുക്കീ 
ഇന്നുഞാനുണ്ണുന്നുറങ്ങുന്നണിയുന്ന-
-തൊക്കെയും നിൻ സ്നേഹ വായ്പ്പിലല്ലോ!

ഇല്ലിനി നമ്മളീ ഭൂമിയിലേകരായ് 
വാഴേണ്ടനാളുകൾ, ഓർക്കവയ്യ!
നീയെൻറെസ്വന്തമീമണ്ണിതിൽ ഞാൻനിന-
-ക്കായ്മാത്ര,മോർക്കുവാനെന്തു സൗഖ്യം 
ഹേതുവില്ലൊന്നുമേ ശങ്കയ്ക്കുതെല്ലുമെ-
-ന്നോതുവാനാളല്ല മത്സഖീ ഞാൻ,
എങ്കിലുമോർക്കനീ പാരംജഗന്നിയ-
-ന്താവിനാലല്ലാതെ സാധ്യമെന്ത്!
ആ കൃപാവാരിധീതൻനിയോഗം നമ്മ-
-ളൊന്നുചേർന്നീടുവാനെന്നു സത്യം!

'ഒന്നായുണർന്നെണീറ്റും ഭുജിച്ചുല്ലസി-
-ച്ചീടുവാൻമാത്രമല്ലെൻറെ മോഹം,
ഒന്നായുറങ്ങണം മറ്റൊരുജന്മമായ് 
പിന്നീടുണർന്നെണീറ്റീടുവോളം' :)

wholehearted submission for the inspiration...:)





2 comments:

  1. ഏഴുതിരിനെയ്‌വിളക്കരികിലൊരു നിറദീപ്തി ചൊരിയുമൊരു ശാന്തമീ സന്ധ്യ!മാറിലിരുകരമമർത്തിത്തൊഴുതുമിമപൂട്ടി ധ്വനിയിളകി രാമനാമത്താൽ.പഴയ കാലത്തേക്ക് ഒന്ന് പോയി.മനോഹരമായി എഴുത്ത്.ആശംസകള്‍ മാഷേ....

    ReplyDelete
    Replies
    1. മനസ്സിലെ ശ്രീദേവി പ്രത്യക്ഷപ്പെടുന്നു തിരിവിളക്കിന്റെ ദിവ്യ പ്രഭയിൽ :) സശ്രദ്ധം വായിച്ചു അല്ലെ..? അതാണ്‌ വേണ്ടതും :)

      Delete