Friday, June 21, 2013

UNCERTAINTY!
                                                                                 (ഫോട്ടോ: ഗൂഗിൾ)

ഇരമ്പിയലറുന്ന 
കാലക്കടലിലേയ്ക്കു നോക്കി 
സ്വയം മരവിച്ചിരുന്നു 
നീ നിന്നെയറിയാതെ 
നിന്നിലെ നിലച്ചൊരാ 
മന്ത്രമറിയാതെ ,

ഉടഞ്ഞവാക്കുകളുടെ 
അസ്ഥിപഞ്ജരങ്ങളിൽ 
വർണ്ണമറ്റ് വിളറിയ 
ശിഥിലമോഹകുടീരത്തിൻ 
തിരുശേഷിപ്പുകൾക്കുമേൽ 
സ്വയം നശിച്ചിരിപ്പിതോ!

പ്രതികാരത്തിൻഫണംപോൽ 
വാനംമുട്ടിയ തിരമാല 
നിന്നിലേയ്ക്ക് - കരയിലേയ്ക്ക് 
ആഞ്ഞുകൊത്തുന്നു 
നുരചീറ്റിയൊതുക്കുന്നൂ 
ഉള്ളിലെയാക്രോശങ്ങൾ 

ആഴങ്ങളിൽ 
തപംനെയ്തിരുന്നകക്കകൾ 
തീരമണഞ്ഞു 
ഉള്ളിൽതുടിയ്ക്കുന്ന ദുഃഖവുമായ് 

ഉരുകുന്ന ഹൃദയനൊമ്പരങ്ങളെയൊതുക്കി 
നിന്നെനോക്കി വികൃതമായ്ചിരിച്ചു 
തിരകൾക്കുമേലെകാലപ്പറവകൾ 
കളിയാക്കിപ്പറക്കുന്നു 
ചിതറിക്കിടന്ന കറുത്തമേഘക്കീറുകളെ 
ഭ്രാന്തൻകാറ്റ് 
ചക്രവാളത്തിൽചെർത്തുവച്ചു 

സായംസൂര്യൻറെ 
ചുവപ്പാടകൾക്ക് മുന്നിൽ 
കൂരിരുൾവിതറിയ കരിമേഘങ്ങൾ 
ഭൂമിയെദുഃഖമറിയിച്ചു 

മേഘം നിൻറെയുള്ളറിഞ്ഞതാം 

താരകപ്പൂക്കൾമെല്ലെയിറങ്ങി
ആത്മവിലാപം മിന്നിയോതി 
വിങ്ങുംമനസ്സുമായ് 
മിന്നുവാനാവാതെ താരകം 
ആത്മാഹുതിചെയ്തുൽക്കയായ് 
ചാമ്പലായൊടുങ്ങുന്നു 

ദൂരെ പുകയുയരുന്ന വലിയകൂന 
എത്ര സ്വപ്നങ്ങളുടേതാവാം!

ഏതോ വിറയ്ക്കുന്നകരങ്ങൾ 
അതിൽ പാടുപെട്ടുചികഞ്ഞ് 
ഒരഗ്നിപുഷ്പമെടുത്തൂതിയെരിച്ച് 
അന്ധകാരമകറ്റാൻ 
വൃഥാപെടുന്നു!

ഹേ! നിർത്തുകീ താണ്ഡവം 

നിർമ്മലമായൊരു പൂർണ്ണതയ്ക്ക്‌ 
ഒരുതിരി അതിൽനിന്നേ കൊളുത്തുക 

(മോഹൻ)


നോവ്‌ 

                  (ഫോട്ടോ: ഗൂഗിൾ )


ഒരു കരിയിലയിൽ ഒളിമങ്ങിയ പുഞ്ചിരി 
വീണുകിടക്കുന്നു 
അറികത്തൊരു കരളിൻകഷ്ണം 
നൊന്തു പിടയ്ക്കുന്നു!
അറിയായ്മകളരുതായോതിയ 
ബാല്യമുദിച്ചോരെൻ 
പടിവാതിലെറിഞ്ഞുതകർത്തൊരു 
വ്യാകുലതൻമണ്ണിൽ 
അരുതായ്മകളറിവായ്ക്കാട്ടിയൊ-
-രെൻറെവടക്കിനിയിൽ 
ചെറുതെങ്കിലുമെന്നിലെമോഹമു-
-ടച്ചബലിത്തറയിൽ 
ഒരുകരിയിലയിൽ ഒളിമങ്ങിയ പുഞ്ചിരി 
വീണുകിടക്കുന്നു 
അരികത്തൊരു കരളിൻകഷ്ണം 
നൊന്തുപിടയ്ക്കുന്നു!

(മോഹൻ)

Friday, June 7, 2013


ക്ഷണികം 

വാത്മീകങ്ങളുടഞ്ഞഗുഹാമുഖത്തെത്രയോ- 
ജാവനൊടുങ്ങിയ 
മാറാലക്കെട്ടുകൾ, 
കരിമുകിൽതുളച്ചെത്തിയ 
നിലാവിൻ നീലവെട്ടത്തിൽ 
ചുട്ടുപൊള്ളുന്ന നിശ്വാസത്തി-
-ലടരുന്ന വെള്ളിനൂൽവല 
വകഞ്ഞുമാറ്റിയ കൊടുങ്കാറ്റ് 
ഗുഹാസിരകളിലൊരുക്കുന്നൂ...
പ്രചണ്ഡ സംഗീതിക. 
ശിരകപാലം തകർക്കുന്നു താണ്ഡവം 
ക്ഷണിക ജീവനം തീർക്കുവാനിത്രയോ!
വെറുക്കുന്നു വ്യർത്ഥമെ-
-ന്നാരാൽകുറിച്ചിട്ട വാക്കിനെപ്പോലും 
നക്ഷത്രമായ്‌ നെഞ്ചകംവെച്ചു സൂക്ഷിച്ച 
വാക്ക് കണ്മുന്നിലടർന്നുടഞ്ഞപ്പൊഴേ!
കൂരിരുൾ 
സൂര്യനെക്കാർന്നുതിന്നപ്പോഴേ...

















(അവ)ശേഷിപ്പുകൾ 

എൻറെ ഓർമ്മകൾ 
എത്ര ചെറുതായിരിയ്ക്കാം!

മറവിയെന്ന
മഹാ മാന്ത്രികൻറെ 
കണ്ണിൽപോലും പെടാത്ത
ഓർമ്മത്തന്മാത്രകൾ!

ഓർമ്മകളാണോ ആകെത്തുക?
"അവ" ശേഷിപ്പുകൾ മാത്രമല്ലേ?

ഓർമ്മ ജീവനും,
മറവിയതിൻ മരണവുമല്ലേ?

എങ്കിൽ മറവി 'യമനാണ് 

കാലൻറെ കണ്ണുവെട്ടിച്ച് 
ജീവിയ്ക്കുന്ന ഓർമ്മകൾ! 
അതോ,കാലനും വേണ്ടാത്ത 
ഓർമ്മകൾ ഉണ്ടാവുമോ?

ഇരുളിനെ 
കൃഷ്ണമണികൾ തിന്നൊടുക്കുന്നു,
സൂര്യനെ 
കുതിർന്ന കണ്‍പോളകൾ 
മറയ്ക്കുന്നു!

അടർന്നുവീഴാൻ അശ്രുപുഷ്പങ്ങൾ 
മത്സരിയ്ക്കുന്നു, 
പതിയ്ക്കുന്നത് 
ചുട്ടുപഴുത്ത നെഞ്ചിലേയ്ക്കും!

എപ്പോഴും... 
അശ്രുകണങ്ങൾ തോൽക്കുന്നു 
അഗ്നികുണ്ഡമണയ്ക്കുവാൻ 




Thursday, June 6, 2013


ഇരുൾ 

മൗനത്തിൻ വാൾമുനകൾ 
ആഴ്ന്നിറങ്ങുന്നു 
എന്നിൽ. സ്വയമറിയാതെ! 
ഇരുളിൻറെ രൂപത്തിൽ 
എന്നോ എന്നെ വിഴുങ്ങിയതല്ലേ!
പിളരുന്ന ഹൃദയവും 
നിലച്ച ശ്വാസകോശവും കാണാം 
അതിലൊക്കെ 
ശോണിമ വറ്റിയ കണങ്ങൾ,
കൃഷ്ണമണികൾ നിറച്ച 
വർണ്ണക്കുമിളകൾ ഉടയുന്നു 

വെളിച്ചത്തിനുമേൽ 
ചായം തേച്ചു!

Photo: മൗനത്തിൻവാൾമുനകൾ
ആഴ്ന്നിറങ്ങുന്നത്കാണാം
പക്ഷേ, ഞാൻഅറിയുന്നില്ല!
കാരണംഇരുളിൻറെരൂപത്തിൽ
എന്നെവിഴുങ്ങിയതല്ലേ?
പിളരുന്നഹൃദയവും
നിലച്ചശ്വാസകോശവുംകാണാം
അവയിൽശോണിമവറ്റിയകണങ്ങൾ,
കൃഷ്ണമണികൾനിറച്ചവർണ്ണക്കുമിളകൾ
ഉടയുന്നു!
വെളിച്ചത്തിനുമേൽചായംതേച്ചു.




മൗനം 




തോൽക്കുന്നു കാവ്യനീതി പ്രമാണങ്ങൾ 
മൗനംകടയുമീ ചുവരിൽ തെളിയുന്ന 
ഉടഞ്ഞ നാവിലൂടുതിരും 
മുറിഞ്ഞ വാക്കിൻശകലങ്ങളിൽ 
തോൽക്കുന്നു കാവ്യനീതിപ്പ്രസൂക്തങ്ങൾ 

കിനാവിൻ കല്ലറ 





രാവ് പകുത്തെടുക്കുന്നൂ 
കിനാവും നൊമ്പരങ്ങളും 
നിനവ് നെയ്യൊരുക്കുന്നെൻ 
കരൾകടഞ്ഞോരു സത്തയാൽ!
നിമിഷമറ്റുവീഴുന്നൂ 
നിമിത്തങ്ങളൊരുക്കുവാൻ 
തിളച്ച മൂർദ്ധാവിലൂറുന്നൂ 
തപിച്ച ബാഷ്പ പാളികൾ 

ഉടൽപകുത്തീടുവാനുണ്ട് 
ഉയർന്നേതു വാളൊന്നതിൻ 
പിടിത്തുമ്പിലമർന്ന മുഷ്ടിയിൽ 
പച്ചകുത്തിയ പരിചിതമാം പേർ 
എൻനേർക്ക്‌ കണ്ണുചിമ്മുന്നു 
വാൾമുനത്തുമ്പിൽ തകർന്നു 
ഉരുകുന്നകണ്ണുനീർത്തുള്ളി 

പകുത്തീടുക 
ഈ ഉമിത്തീയെരിപ്പോടിനെ 
ഉള്ളിൽ തുടിപ്പോടിരിപ്പുണ്ട് 
രക്തവർണ്ണത്തിൽ 'വെളുത്ത' ഹൃത്തം 
അത് തൊടാതെ!
ഇനിയതു പിളർന്നാൽ, ഓർക്കുക 
ജന്മാന്തരങ്ങളുടെ
 വർണ്ണങ്ങളുണ്ടതിൽ 
കാണാതെപോയൊരെൻ 
സ്വപ്നങ്ങളുണ്ടതിൽ 
മായാതെ സൂക്ഷിച്ച 
നാമവുമുണ്ടതിൽ 
നേരിൻറെ നാരിഴചേർത്തുഞാ
നന്നേയൊരുക്കിയ കൂടുണ്ട്‌ 
ഇളംമഞ്ഞനൂലിൽ 
ഒരാലിലയുണ്ടതിൽ 
കോണിലായ് കുങ്കുമച്ചെപ്പുമുണ്ട് 

അതിലൊരു നീരാവി ഉയിർകൊണ്ട് 
മേഘമായ്, മഴയായ് 
എതോരാരണ്യകം തന്നിലെൻ 
സ്വപ്നം പൊഴിഞ്ഞിടം 
താനേ പതിച്ചിടാം 
അവിടെയൊരു നേരിലച്ചാർത്തിൽ 
മുളയായ്, തളിരായ് 
അരികത്തുണർന്നിടാം 








ശുഭ രാത്രി 




പകൽമടുപ്പിൻറെ പാതയോരം കട-
-ന്നിരുളിനശ്ശ്രുത്തടാകത്തിലേയ്ക്ക്നീ 
പതറിയെത്തുന്നു പാതിരാവുംകട-
-ന്നൊരുദിനംകൂടിയെണ്ണിയൊടുക്കുവാൻ 

ഒരു നവമ്പറിൻറെ ഓർമ്മയ്ക്ക് 




കാലക്കനിവിൻ വിരുന്നണഞ്ഞീടാം 
ദൂതനില്ലാതെ,
വിലങ്ങിട്ട ശാപങ്ങളുടഞ്ഞ്
തീപ്പെട്ടകന്നിടാം 
ഒരു മാരിയാർത്തിരമ്പുന്നു 
ഇടിനാദമില്ലാതെ 
ഒരുമിന്നലെറിയാതെ 
ഒരു ശാന്ത ഗഗനം 
അതിൽ നീലിമ....

നെറുകിൽ പതിഞ്ഞു ചിതറും തുള്ളി
 ജലമല്ല!മധുരിയ്ക്കുമേറെയവ 
പാൽക്കുടങ്ങൾ 
ഇവിടെയീ ശാന്തിയിലമർന്നോട്ടെ ഞാൻ 
ഇനിയുമുണരാൻ 
ഈ നവമ്പർപുലരിയിൽ....
ഇവിടെയീ ശാന്തിയിലലിഞ്ഞോട്ടെ ഞാൻ 
തമ്മിലണയാൻ 
ഒരു നവമ്പർപുലരിയിൽ ....

ഒരുമയക്കം..തിങ്കളെത്തിപ്പിടിച്ചു ഞാൻ, 
വാനിലെ പറവകളിലൊന്നായി ഞാൻ, 
സ്വർണ്ണമീനായഗാധതയിലൂളിയിട്ടൂ,
സ്വപ്നലോകംതുറന്നവിടമെന്തുവശ്യം!
കാനനംസുന്ദരം, കാട്ടരുവി 
കിളികൂജനം, താരകപ്പൊലിമയും 
മണ്‍കുടിലുകൾ, ധ്യാനമണ്ഡപങ്ങൾ 
മന്ദമൊഴുകുംസമീരനിൽ 
ശാന്തിമന്ത്രം...

കുയിലൊത്തുപാടുന്ന കുഞ്ഞുങ്ങൾ 
അവിടില്ല ഭാഷാന്തരങ്ങൾ 
അവിടില്ല ജാതി,വർണ്ണങ്ങൾ ..

ഇവിടെയീ ശോഭയിലടർന്നോട്ടെ ഞാൻ 
ഇനിയുമുണരാൻ 
ഒരു നവമ്പർപുലരിയിൽ...




Sunday, June 2, 2013


ശിഷ്ടം


 

ആഴി അലയാഴി 
ആശപോൽ അനന്തമായ് 
ആത്മാവിന്നനന്ത്യമായ് 
ആദിത്യപ്പിറവിയും 
ആദിത്യ ശയനവും 
ആമടിത്തട്ടിൽ നൽകി 
ആറാടിയാനന്തിപ്പൂ 
ആ പയോ സമുച്ഛയം.

തിരകൾ തിമിർത്തെത്തി 
ഓരത്തിലർപ്പിച്ചൊരാ 
കാലമാം ശിശുവിൻ കാൽ-
-പ്പാദമുദ്രകൾ മായ്ച്ചു.

ഇന്നലെ' മറഞ്ഞുപോയ്‌ 
ഈ മണലോരങ്ങളിൽ 
'ഇന്നി'തോ അവ്യക്തമായ്‌ 
ഈകടലോളങ്ങളിൽ 
'നാളെ'യെക്കാണാൻ നഗ്ന-
-നേത്രങ്ങളശക്തങ്ങൾ 
നരജന്മങ്ങൾ ഹാ! കഷ്ടം 
നുരയായ് തീരങ്ങളിൽ 

ആഴിയും കടന്നെത്തിയാശതൻ പിന്നാലെയീ 
മാനുഷൻ കരം നീട്ടിയെടുപ്പൂ വിധിച്ചോറ് 
ഉറ്റവർ പിരിഞ്ഞാലും കുതിച്ചാലെത്താനാവാ-
-തുഴറിത്തനിച്ചിങ്ങു വാരുന്നു ബലിച്ചോറ് 

കാലത്തിൻ കളിത്തട്ടിൽ ഓരോരോ ചായം തേച്ച് 
മാറുന്ന രംഗങ്ങളിൽ ആടുന്നു പാവക്കളി 




Friday, May 31, 2013



കവാടം 




വ്യർത്ഥമീ മോഹ സാഗര സീമകൾക്കപ്പുറം

സാർത്ഥകമായ് മരുവുന്നതെങ്ങുനീ ...
ഇഴപിരിഞ്ഞേതുജന്മാന്തരത്തിൽ നീ,
ഇഴപിണഞ്ഞെത്ര ബാല്ല്യംമുതൽക്കു നാം 

വ്യഥിത ബാല്ല്യ ബലിക്കൂടിനുള്ളിലും 
കരളുകാട്ടിപ്പ്രകാശിച്ചുനിന്നവർ,
വെറുതെ ചോല്ലാവതല്ലത്ത്ര ദീപ്തമായ് 
പ്രണയദീപം കെടാതെസൂക്ഷിച്ചു നാം 

മറവിതോല്ക്കുന്നു!നിന്മുഖംമായ്ക്കുവാൻ 
കരിമുകിൽമൂടിയെങ്കിലും ജീവനിൽ 
മഹിമയാൽ നീ പ്രശോഭിപ്പുമന്നി,ലെൻ-
വിണ്ണിലും താരകംതോൽക്കുമിവ്വിധം 

വിരഹബാഷ്പം തിളയ്ക്കുമീക്കരയിൽ വൻ-
തിരകളെണ്ണിത്തളർന്നേയിരിപ്പുഞാൻ 
തിരമുറിച്ചെത്രകാതംകടന്നേതു 
തീരമൊന്നിൽ കരംചേർത്തിടാനിനി 

തളിരണിഞ്ഞിളം തണ്ടായുണർന്ന് നൽ-
-ക്കതിരു കാണാതെ നഷ്ടപ്പെടുന്നു നാം!
തരളമായ്നാം കൊരുത്തുസൂക്ഷിച്ചൊരാ 
മധുരസ്വപ്നമീക്കടലെടുക്കുന്നിതോ 

മഹിയിലല്ലാ...! മനോജ്ഞമീ ജീവന-
-പൂരണമെന്നതറിഞ്ഞീലിരുവർ നാം!

നിയതി തേർവിളിച്ചെന്തിത്ര ക്രുദ്ധമായ്‌ 
പവിഴജാലകച്ചില്ലുടച്ചാർപ്പുമായ്‌ 
വാഴ്വിലന്നേപ്രശോഭിച്ച പൗർണ്ണമി-
-ത്തിങ്കളിൻ മിഴിയുടച്ചതുന്മത്തമായ്!

ക്ഷണിക വാസന്ത വാടിയില്ലിന്നുനാം 
ഇലകളെണ്ണുന്നതീശരത്സന്ധ്യയിൽ 

ഇനി,...

തിരയൊടുങ്ങില്ല, കാത്തിരിപ്പെന്തിനീ പാഴ്വഞ്ചിതൻ 
ചരടറുത്തമരമേറി, യൊറ്റത്തുഴയെറിഞ്ഞ്,
തിരപിളർന്നുമുലഞ്ഞും, തളർന്ന് നീ 
ഏകനായ് നീങ്ങുക .....

കരവെടിഞ്ഞൽപ്പദൂരം കടക്കുകിൽ ..
തിരകളില്ലാക്കടൽശ്ശാന്തിപൂകിടാം 

ഓർക്കുക, വഴിയമ്പലങ്ങളങ്ങില്ല നിനക്കൊട്ടു 
ചുമടുതാങ്ങിത്തറയുമില്ലാ 

ഭാണ്ഡങ്ങളില്ലാതൊരുങ്ങുക യാത്ര, നീ 
ആഴിപ്പരപ്പിന്റെയകലത്തിലേയ്ക്ക് 
അവിടെനിന്നവിടെനിന്നകലത്തിലേയ്ക്ക്
മെല്ലെ,അഖിന്നനായാഴത്തിലേയ്ക്ക് 
ആഴംകടന്നന്ത്യതീരത്തിലേയ്ക്ക്....

വാതിൽതുറന്ന്, വഴിക്കണ്ണുമായവിടെ 
നിൻ "ബാല്യം" ഇരിപ്പൂ നിനക്കുവേണ്ടി! 

Wednesday, May 29, 2013



അമ്മേ ശാര്‍ക്കര വാഴുന്നോരമ്മേ
ശര്‍ക്കര പാനയില്‍ വന്നുദിച്ച്
സര്‍വദേശത്തിനും ഐശ്വര്യമായി
വിളങ്ങുന്ന പൊന്നമ്മേ
തിന്മയെ നിഗ്രഹിച്ച് നന്മക്കായി 
പൊരുതുന്ന പൊന്നമ്മേ
അമ്മ തന്‍ തിരു മുന്‍പില്‍ വന്നിടാം ഞാന്‍
ദുഖങ്ങള്‍ എല്ലാം ചൊല്ലീടാം ഞാന്‍
എന്നുമെന്‍ തുണയായി നിന്നീടണേ
എന്നുമെന്‍ അകതാരില്‍ നിറഞ്ഞീടണേ
എല്ലാം മറന്ന് നിന്നീടാം ഞാന്‍
അമ്മ തന്‍ മുഖശ്രീ കണ്ട് കൈ തൊഴാം ഞാന്‍
അമ്മ തന്‍ മന്ദസ്മിതം സാന്ത്വനമായി
എന്നില്‍ നിറഞ്ഞീടണേ
അമ്മേ ശാര്‍ക്കര വാഴുന്നോരമ്മേ, സര്‍വ്വം
സഹയായ എന്‍റെ പൊന്നമ്മേ
അമ്മതന്‍ പാദത്തില്‍ അര്‍പ്പിക്കുന്നു
വാക്കുകളുടെ ഈ നിര,അർച്ചനയായ്...
(ശ്രീ
യുടെ വരികൾ  )



Friday, May 24, 2013


സ്വപ്നത്തിലെ നിഴല്‍ !


അവ്യക്തമാണു നിൻരൂപം - ഇന്ന് 
സന്ദിഗ്ദമാമെൻ മനസ്സിൽ 
ഒരുതിരയിലോ, ചുഴിയിലോ 
കൂരിരുൾചൂഴ്ന്നൊരാകാട്ടിലോ,
നിന്നിലോ 
കാറ്റിലോ, മഴയിലോ 
മഞ്ഞുമണക്കുന്ന പാടവരമ്പിലോ 
തുമ്പകൾ കൊഞ്ചിയ തൊടിയിലോ 
തുമ്പിയ്ക്കു പിന്നാലെ പാഞ്ഞിടത്തോ 
എങ്ങാണ്, എന്നാണ് 
എൻനിഴൽ മാഞ്ഞുപോയ്!
വയ്യ! എനിക്കിനി കാർന്നുതിന്നുന്നൊരീ 
കാത്തിരിപ്പിൻ നെരിപ്പോടുമായ് 
കൂട്ടിരിയ്ക്കുന്നൂ പടിയിറങ്ങാൻനേര-
-മായെന്നു ചൊല്ലുന്നൊരാത്മാവിനു!
നീയിനി വെടിയുക, നീ പെരുപ്പിച്ചോരാ
പരിഭവത്തിൻപാഴ്ച്ചിതൽപ്പുറ്റുടയ്ക്കുക 
സന്ധ്യയാകുന്നൂ...നീ കാണ്‍ക, നിദ്ര-
കണ്‍പോളകൾ മൂടുമിപ്പോൾ!
പാഥേയമായ്ക്കൊണ്ടുപോയീടുവാൻ, അന്നു 
നീബാക്കിവെച്ചോരാവാക്കുകൾ നൽകുക 
നീയെടുത്തീടുക, നാളിത്രഞാനെൻറെ 
നെഞ്ചകമുരുക്കിക്കടഞ്ഞുസൂക്ഷിച്ചൊരീ
യെല്ലാം..ഇല്ലൊട്ടിതിൽപ്പരം! 


Thursday, May 23, 2013


അകമലര്‍ 





ഏഴുതിരിനെയ്‌വിളക്കരികിലൊരു നിറദീപ്തി 
ചൊരിയുമൊരു ശാന്തമീ സന്ധ്യ!
മാറിലിരുകരമമർത്തിത്തൊഴുതുമിമപൂട്ടി 
ധ്വനിയിളകി രാമനാമത്താൽ....

അകതളിരിലൊരുശിലാശിൽപവുംശ്രീകോവി-
-ലിവയേവമാരിലുംതെളിയേ,
ഇരുളകലുവതുമകക്കണ്ണിലൊരുശ്രീദേവി 
ചിരിയുതിരുവതു കണ്ടു ഞാനും!

ഇമതുറന്നകമലരു വിടരുമൊരു സായൂജ്യ-
-മറിയുന്നിതാ പ്രേമ ഭക്തൻ!
ഝടുതിയൊരു കുളിരുന്ന സ്നേഹം പൊഴിക്കയാ-
-യതുമന്ദഹാസത്തിനാലേ,
കദനമൊരുനെടുനീളകാലമതടക്കിയെൻ 
ജരവീണ ജീർണ്ണമീ ചിത്തം,
നിറയുന്നു മലരാമ്പലാലിന്നു ശാന്തമൊരു 
പൊയ്കയാ,ണറിയുന്നു ഞാനും.

ഒരുമൊഴിയിലമൃതുപൊഴിയുംനിൻറെ കളമൊഴിയി-
-ലരുവിയല നാണിച്ചുനിൽക്കേ
ചെറുചിരിയിലൊരുനൂറു വെണ്ണിലാപ്പാൽക്കിണ്ണ-
-മിളകിയൊളിവിതറി വിലസുന്നൂ,
സ്വരമധുര പവിഴമണി മുത്തുകളുതിർന്നാരി-
-ലേകില്ല! കർണ്ണാമൃതം ഹാ!
നിനവിലൊരു സാമീപ്യവും, കനവിലൊരുമാത്ര 
ദർശനവുമാജന്മ പുണ്യം!

എങ്കിലുംവാസന്ത സൗവർണ്ണവേളയ-
-തെന്നിലിന്നല്ല,നീകണ്ടുവന്നും,
അന്നുംമനസ്സിൽകൊതിച്ചുനീയെൻ ശുഷ്ക-
-വാടിയിൽപൂക്കുവാ,നെന്നുസത്യം!

തെല്ലും പുറത്തുകാട്ടാതെയീ സുന്ദര 
ചേതോ വികാരമെന്തേയൊതുക്കീ 
ഇന്നുഞാനുണ്ണുന്നുറങ്ങുന്നണിയുന്ന-
-തൊക്കെയും നിൻ സ്നേഹ വായ്പ്പിലല്ലോ!

ഇല്ലിനി നമ്മളീ ഭൂമിയിലേകരായ് 
വാഴേണ്ടനാളുകൾ, ഓർക്കവയ്യ!
നീയെൻറെസ്വന്തമീമണ്ണിതിൽ ഞാൻനിന-
-ക്കായ്മാത്ര,മോർക്കുവാനെന്തു സൗഖ്യം 
ഹേതുവില്ലൊന്നുമേ ശങ്കയ്ക്കുതെല്ലുമെ-
-ന്നോതുവാനാളല്ല മത്സഖീ ഞാൻ,
എങ്കിലുമോർക്കനീ പാരംജഗന്നിയ-
-ന്താവിനാലല്ലാതെ സാധ്യമെന്ത്!
ആ കൃപാവാരിധീതൻനിയോഗം നമ്മ-
-ളൊന്നുചേർന്നീടുവാനെന്നു സത്യം!

'ഒന്നായുണർന്നെണീറ്റും ഭുജിച്ചുല്ലസി-
-ച്ചീടുവാൻമാത്രമല്ലെൻറെ മോഹം,
ഒന്നായുറങ്ങണം മറ്റൊരുജന്മമായ് 
പിന്നീടുണർന്നെണീറ്റീടുവോളം' :)

wholehearted submission for the inspiration...:)





Wednesday, May 22, 2013

സാന്ത്വനം 



എല്ലാം മറന്നൊന്നു ഉറങ്ങണം 
അമ്മയുടെ മാറില്‍ തലചായ്ച്ച്
കെട്ടിപിടിചൊന്നുറക്കെ പൊട്ടികരഞ്ഞ്
എല്ലാ സങ്കടങ്ങളും ഇറക്കി വെയ്യ്ക്കണം 

അമ്മ തന്‍ മൃദു സ്പര്‍ശം 
തൂവലായി എന്നെ തഴുകുമ്പോള്‍
എല്ലാം മറന്നൊന്നുറക്കെ കരയണം 

അമ്മ തന്‍ വാക്കുകള്‍ താരാട്ട് 
പാട്ടിന്‍ ശീലായി എന്നില്‍ ചൊരിയുമ്പോള്‍ 
എല്ലാം മറന്ന് ലയിച്ചിരിക്കണം

അമ്മ തന്‍ വിരലുകള്‍ എന്‍ മുടിയിഴകളെ 
തലോടുമ്പോള്‍ ഒരു കൊച്ച് കുട്ടിയെ 
പോലെ കൊഞ്ചി കളിക്കണം 

അമ്മ തന്‍ പുഞ്ചിരി അമൃതായി എന്നില്‍ 
പൊഴിയുമ്പോള്‍ എല്ലാം മറന്ന് 
ഉറക്കെ പൊട്ടിച്ചിരിക്കണം 

അമ്മ തന്‍ മുഖം മനസ്സില്‍ ചേര്‍ത്ത് 
വിറയാര്‍ന്ന കൈ പിടിപിച്ച് ആ പടികള്‍ 
 ഇറങ്ങുമ്പോള്‍ , എന്നുമൊരു സാന്ത്വനമായി 
സ്നേഹാര്‍ദ്രമായ ആ കൈകള്‍ ഉണ്ടാകണേ 
എന്ന പ്രാര്‍ത്ഥന മാത്രം .....
 
                                (ശ്രീയുടെ വരികള്‍ )