കവാടം
വ്യർത്ഥമീ മോഹ സാഗര സീമകൾക്കപ്പുറം
സാർത്ഥകമായ് മരുവുന്നതെങ്ങുനീ ...
ഇഴപിരിഞ്ഞേതുജന്മാന്തരത്തിൽ നീ,
ഇഴപിണഞ്ഞെത്ര ബാല്ല്യംമുതൽക്കു നാം
വ്യഥിത ബാല്ല്യ ബലിക്കൂടിനുള്ളിലും
കരളുകാട്ടിപ്പ്രകാശിച്ചുനിന്നവർ,
വെറുതെ ചോല്ലാവതല്ലത്ത്ര ദീപ്തമായ്
പ്രണയദീപം കെടാതെസൂക്ഷിച്ചു നാം
മറവിതോല്ക്കുന്നു!നിന്മുഖംമായ്ക്കുവാൻ
കരിമുകിൽമൂടിയെങ്കിലും ജീവനിൽ
മഹിമയാൽ നീ പ്രശോഭിപ്പുമന്നി,ലെൻ-
വിണ്ണിലും താരകംതോൽക്കുമിവ്വിധം
വിരഹബാഷ്പം തിളയ്ക്കുമീക്കരയിൽ വൻ-
തിരകളെണ്ണിത്തളർന്നേയിരിപ്പുഞാൻ
തിരമുറിച്ചെത്രകാതംകടന്നേതു
തീരമൊന്നിൽ കരംചേർത്തിടാനിനി
തളിരണിഞ്ഞിളം തണ്ടായുണർന്ന് നൽ-
-ക്കതിരു കാണാതെ നഷ്ടപ്പെടുന്നു നാം!
തരളമായ്നാം കൊരുത്തുസൂക്ഷിച്ചൊരാ
മധുരസ്വപ്നമീക്കടലെടുക്കുന്നിതോ
മഹിയിലല്ലാ...! മനോജ്ഞമീ ജീവന-
-പൂരണമെന്നതറിഞ്ഞീലിരുവർ നാം!
നിയതി തേർവിളിച്ചെന്തിത്ര ക്രുദ്ധമായ്
പവിഴജാലകച്ചില്ലുടച്ചാർപ്പുമായ്
വാഴ്വിലന്നേപ്രശോഭിച്ച പൗർണ്ണമി-
-ത്തിങ്കളിൻ മിഴിയുടച്ചതുന്മത്തമായ്!
ക്ഷണിക വാസന്ത വാടിയില്ലിന്നുനാം
ഇലകളെണ്ണുന്നതീശരത്സന്ധ്യയിൽ
ഇനി,...
തിരയൊടുങ്ങില്ല, കാത്തിരിപ്പെന്തിനീ പാഴ്വഞ്ചിതൻ
ചരടറുത്തമരമേറി, യൊറ്റത്തുഴയെറിഞ്ഞ്,
തിരപിളർന്നുമുലഞ്ഞും, തളർന്ന് നീ
ഏകനായ് നീങ്ങുക .....
കരവെടിഞ്ഞൽപ്പദൂരം കടക്കുകിൽ ..
തിരകളില്ലാക്കടൽശ്ശാന്തിപൂകിടാം
ഓർക്കുക, വഴിയമ്പലങ്ങളങ്ങില്ല നിനക്കൊട്ടു
ചുമടുതാങ്ങിത്തറയുമില്ലാ
ഭാണ്ഡങ്ങളില്ലാതൊരുങ്ങുക യാത്ര, നീ
ആഴിപ്പരപ്പിന്റെയകലത്തിലേയ്ക്ക്
അവിടെനിന്നവിടെനിന്നകലത്തിലേയ്ക്ക്
മെല്ലെ,അഖിന്നനായാഴത്തിലേയ്ക്ക്
ആഴംകടന്നന്ത്യതീരത്തിലേയ്ക്ക്....
വാതിൽതുറന്ന്, വഴിക്കണ്ണുമായവിടെ
നിൻ "ബാല്യം" ഇരിപ്പൂ നിനക്കുവേണ്ടി!




